മാനുഷികം എന്നുള്ളതിന്റെ അര്‍ത്ഥം താങ്കള്‍ക്ക് അറിയാമോയെന്ന് നിരവധി പേര്‍ ചോദിച്ചു
2.0 അമാനുഷിക യുക്തികള്‍ നിറഞ്ഞ ഒരു "ഫാന്റസി" ഫിക്ഷൻ
entertainment desk
November 30, 2018, 01:25:00 pm
നൗവിറ്റ് റേറ്റിങ് 2.5 / 5
രജനി സിനിമകളിലെ അമാനുഷികതയിൽ യുക്തി ഉപയോഗിക്കുന്ന, അത് 'ദഹിക്കാത്ത' വ്യക്തിയാണോ നിങ്ങൾ..? എങ്കിൽ 2.0 യും നിങ്ങൾക്ക് ഒട്ടും മയമില്ലാത്ത, ദഹിക്കാൻ പ്രയാസമുള്ള സിനിമയായിരിക്കും. എന്നത്തേയും പോലെ തന്നെ എന്തും വെള്ളം തൊടാതെ വിഴുങ്ങി, ആവേശത്തോടെ അതിൽ ഭാഗഭാക്കാവുന്ന ആരാധകർക്കായുള്ള ഒരു പതിവു ചിത്രമാണ് 2.0. രജനി സിനിമകൾ യുക്തി ഉപയോഗിക്കാത്ത "തലൈവർ" വിശ്വാസികൾക്കുള്ളതാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന ചിത്രം.
ഇതിൽ 'ചിട്ടി'യുണ്ട്. യന്തിരനിലെ ഡോ.വസീഗരൻ നിർമിച്ച റോബോട്ട്. വസീഗരനും ഉണ്ട്. രണ്ടു കഥാപാത്രങ്ങളെയും "തലൈവർ" തന്നെയാണ് അവതരിപ്പിക്കുന്നത്. വിശ്വസ്തനായ പടയാളി റോബോട്ട് "പക്ഷി രാജനെ"ന്ന വില്ലൻ കഥാപാത്രത്തെ വസീഗരൻ ഉണ്ടാക്കുന്നു. അക്ഷയ് കുമാറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റൊരു ഹ്യൂമനോയ്ഡ് റോബോട്ട് 'NILA " ആയി എമി ജാക്ക്സണും വേഷമിടുന്നു. വസീഗരനെ കാണാൻ കുറച്ചു വിദ്യാർഥികൾ വരുന്നിടത്തു നിന്നാണ് കഥ തുടങ്ങുന്നത്. വിദ്യാർത്ഥികൾക്ക് "NILA"യുടെ ജോലികളെ കുറിച്ച് വിവരിക്കുമ്പോൾ വസീഗരൻ പറയുന്നു, "നൈസ് ഇന്റലിജിൻസ് ലവ്‌ലി അസിസ്റ്റൻറ് " പക്ഷെ, ഗംഭീരം എന്ന് പറയാവുന്ന ഒരു സീൻ പോലും ഈ കഥാപാത്രത്തിനില്ല. അവരെ ഒരു ബൊമ്മയായി ചിത്രീകരിച്ചിരുന്നെങ്കിൽ പോലും ചിത്രത്തിന് ഒരു വ്യത്യാസവും ഉണ്ടാകുമായിരുന്നില്ല എന്നതാണ് സത്യം.
പക്ഷിരാജനെന്ന വില്ലൻ റോബോട്ടായി 'അക്ഷയകുമാർ തിളങ്ങിയിട്ടുണ്ട്. രണ്ടാം പകുതിയിൽ, കഥയുടെ പ്രമേയത്തെ മികച്ചതാക്കുന്ന രീതിയിലുള്ള അക്ഷയിൻറെ പ്രകടനം എടുത്തു പറയേണ്ടതാണ്. അട്ടിക്കണക്കിന് മേക്കപ്പുകൾക്കടിയിൽ "പക്ഷിരാജൻ" ഒരു പക്ഷി ശാസ്ത്രജ്ഞനാണ്. മനുഷ്യന്റെ കയ്യബദ്ധവും ടെക്‌നോളജിയിലെ പിഴവുമെല്ലാം അയാളെ ഒരു അതിശക്തനായ നെഗറ്റീവ്എനർജിയാക്കുന്നു.
ചിട്ടി തന്നെയാണ് കഥയിലെ താരം. കയ്യടി വാങ്ങുന്ന ഒട്ടേറെ സീനുകൾ ചിട്ടിക്കുണ്ട്. പക്ഷെ വസീഗരൻറെ പ്രകടനം യെന്തിരനിൽ കണ്ടതിനേക്കാൾ തണുപ്പനായിരുന്നു ഇതിൽ. കഥയ്ക്ക് പ്രാധാന്യം കൊടുക്കുന്നവർക്ക് പല ഭാഗങ്ങളും "ദഹിക്കാൻ" കുറച്ചു ബുദ്ധിമുട്ടുണ്ടാകും. ഒരു പ്രശ്നം, അതുണ്ടാക്കുന്ന വില്ലൻ, വില്ലനെ തുരത്തുന്ന നായകൻ.. എന്ന സ്ഥിരം പ്രമേയം തന്നെയാണ് ഇതിലും. ചില ട്വിസ്റ്റുകളും സസ്പെന്സുകളും കഥയെ രസകരമാക്കുന്നുണ്ടെന്നു മാത്രം.
കഥ പരാജയപ്പെടുമ്പോൾ, ഗ്രാഫിക്സ് ഒരുക്കുന്ന കാഴ്ച വിരുന്ന് തന്നെയാണ് നമ്മെ പിടിച്ചിരുത്തുന്നത്. 3D, VFX എന്നിവ ഗംഭീരമായിട്ടുണ്ട്. ഗാനങ്ങൾ അത്ര മികച്ചതായി തോന്നിയില്ല. ടെക്‌നോളജി ജീവിതം സുഖകരമാക്കുമ്പോൾ, നമ്മൾ മറന്നു ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്നതു കൂടിയാണ് ഈ സിനിമ. സിനിമയുടെ സന്ദേശവും അത് തന്നെയാണ്.
സയൻസ് ഫിക്ഷനെക്കാൾ ഉപരി സയൻസ് ഫാന്റസി ഫിക്ഷൻ എന്ന ടൈറ്റിലാണ് 2.0യ്ക്ക് കൂടുതൽ ചേരുക.