Entertainment Desk
April 07, 2017, 03:37:00 pm
ബ്ലോക്ക്ബസ്റ്റര്‍ ചിത്രം റിലീസ് ചെയ്യുന്നതിനുള്ള പാകിസ്താന്‍ ഗവണ്‍മെന്റിന്റെ വ്യവസ്ഥകള്‍ തള്ളി ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍. ചിത്രത്തില്‍ നിന്ന് ഇന്ത്യന്‍ പതാകയും ദേശീയ ഗാനവും നീക്കം ചെയ്യണമെന്ന് പാക് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍, എന്നാല്‍ ചിത്രം പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കുന്നില്ല എന്ന നിലപാടാണ് ആമിര്‍ ഖാന്‍ എടുത്തത്.
ഇന്ത്യന്‍ സിനിമകള്‍ക്ക്, വിശേഷിച്ചും ബോളിവുഡിന് പാകിസ്താനില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. രാഷ്ട്രീയപരമായി ശത്രുതയിലാണെങ്കിലും മികച്ചൊരു വിപണിയായാണ് ഇന്ത്യന്‍ സിനിമാ ലോകം പാകിസ്താനെ കാണുന്നത്. എന്നാല്‍, രാജ്യത്തെ അപമാനിക്കും വിധമുള്ള മാറ്റങ്ങള്‍ വരുത്തി പാകിസ്താനില്‍ ചിത്രം റിലീസ് ചെയ്യേണ്ടതില്ലെന്ന നിലപാടാണ് ആമിര്‍ കൈക്കൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ സിനിമകള്‍ റിലീസ് ചെയ്യുന്നതിനുള്ള നിയന്ത്രണം ഈയിടെയാണ് പാകിസ്താന്‍ നീക്കിയത്. ഇതിനെ തുടര്‍ന്ന് ബോളിവുഡ് ചിത്രങ്ങള്‍ വിതരണത്തിനെടുക്കാന്‍ നിരവധി പേരാണ് മുന്നോട്ടു വരുന്നത്. ദംഗല്‍ വിതരണത്തിനെടുക്കാനുള്ള പാക് വിതരണക്കാരുടെ ആവശ്യം ആമിര്‍ഖാനും ടീമും പരിഗണിക്കവെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍.
ചിത്രം ക്ലൈമാക്‌സിനോട് ചേര്‍ന്നുള്ള സീനുകൡലാണ് ദേശീയ ഗാനവും പതാകയും കടന്നുവരുന്നത്. ഈ രംഗങ്ങള്‍ വെട്ടിമാറ്റുന്നത് ചിത്രത്തെ വികലമാക്കുമെന്നാണ് അണിയറക്കാര്‍ കരുതുന്നത്. മാത്രമല്ല, ഇന്ത്യയോടുള്ള വിരോധം സിനിമയില്‍ കത്തി വെച്ചുകൊണ്ട് പ്രകടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടും ദംഗല്‍ പാകിസ്താനില്‍ റീലിസ് ചെയ്യേണ്ടെന്ന തീരുമാനത്തിനു പിന്നിലുണ്ട്.