പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചതോടെ കൊച്ചി മെട്രോ കേരളീയ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറുകയാണ്. സംസ്ഥാനത്തെ തിരക്കേറിയ നഗരമായ കൊച്ചിയുടെ ദൈനംദിന ജീവിതത്തെ സുഗമമാക്കാനുദ്ദേശിച്ചുള്ള മെട്രോയെ കേരളത്തിലെ സെലിബ്രിറ്റികളും ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. മോഹന്‍ലാല്‍, ദിലീപ്, മഞ്ജു വാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ജോയ് മാത്യു തുടങ്ങി സിനിമാ മേഖലയിലുള്ളവര്‍ മെട്രോ സംബന്ധമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടു.
'കേരളത്തിന്റെ സ്വപ്നം ചിറകിലേറ്റി കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കിയ എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍' എന്നായിരുന്നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉദ്ഘാടനത്തിനു മുമ്പും പിമ്പും മെട്രോയെപ്പറ്റിയുണ്ടായ വിവാദങ്ങളെപ്പറ്റിയൊന്നും പരാമര്‍ശിക്കാതെയായിരുന്നു ലാലിന്റെ പോസ്റ്റ്.
ആലുവാക്കാരനായ ദിലീപ്, കൊച്ചി മെട്രോയെ ഒരു സ്വപ്‌ന സാക്ഷാത്ക്കാരം എന്നാണ് വിശേഷിപ്പിച്ചത്.
സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍ ട്വിറ്ററിലും ഫേസ്ബുക്കിലും ഒരേ പോസ്റ്റിട്ടു. സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷമാണിതെന്നും എല്ലാവരെയും പരസ്പരം അടുപ്പിക്കുന്ന വഴി മെട്രോ മാറ്റുമെന്നും ദുല്‍ഖര്‍ കുറിച്ചു.
സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ യു.ഡി.എഫ്, എല്‍.ഡി.എഫ് ഗവണ്‍മെന്റുകളെ പ്രശംസിച്ച് വിശദമായ പോസ്റ്റാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കിലിട്ടത്. മെട്രോമാന്‍ ശ്രീധരനും രാവും പകലും വിയര്‍ത്തൊലിച്ച് ജോലി ചെയ്ത അനേകരും ഈ നിമിഷത്തിനായി ഒരുപാട് സഹിച്ച സാധാരണ ജനങ്ങളും ദീപം തെളിക്കാനെത്തിയ പ്രധാനമന്ത്രിയും മഞ്ജുവിന്റെ പോസ്റ്റിലെ വിഷയമായി. മെട്രോയെ വൃത്തിയിലും ഭംഗിയിലും കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഓര്‍മിപ്പിച്ചാണ് മഞ്ജു പോസ്റ്റ് അവസാനിപ്പിച്ചത്.
അതേസമയം, സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്താറുള്ള നിവിന്‍ പോളി വേറിട്ടൊരു ചിത്രമാണ് മെട്രോ ഉദ്ഘാടനത്തിന്റെ ഭാഗമായി പോസ്റ്റ് ചെയ്തത്. മെട്രോ സാക്ഷാത്കാരത്തിനായി പ്രയത്‌നിച്ച ഇ. ശ്രീധരന്റെ ഫോട്ടോ ആയിരുന്നു നിവിന്റെ പോസ്റ്റ്. 'നന്ദി' എന്ന തലവാചകത്തില്‍ ആലുവാക്കാരനായ നിവിന്‍ പോസ്റ്റ് ചെയ്ത ശ്രീധരന്റെ ഫോട്ടോ 37,000-ലധികം പേര്‍ ലൈക്ക് ചെയ്തു. എല്ലാവരും മെട്രോയില്‍ ശ്രദ്ധയൂന്നിയപ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുകയും പ്രധാനമന്ത്രിയുടെ ഓഫീസ് തുടക്കത്തില്‍ അവഗണിക്കുകയും ചെയ്ത ശ്രീധരനെ ഓര്‍മിക്കാനാണ് നിവിന്‍ ശ്രദ്ധിിച്ചത്.
ഉദ്ഘാടന ദിവസം പോസ്‌റ്റൊന്നുമിട്ടില്ലെങ്കിലും ജൂണ്‍ 15-ന് ജോയ് മാത്യു ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമായി. മെട്രോ ഉദ്ഘാടന വേദിയില്‍ ഇ. ശ്രീധരന് ഇടം നിഷേധിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ആദ്യനിലപാടിനെതിരെയായിരുന്നു ജോയ് മാത്യുവിന്റെ പോസ്റ്റ്. താജ്മഹലും ഹൗറാ പാലവും കുത്തബ് മിനാറും പഞ്ചാബിലെ സുവര്‍ണ ക്ഷേത്രവുമെല്ലാം ശില്‍പ്പികളുടെയും അതിനു പിന്നില്‍ ജോലി ചെയ്തവരുടെയും സ്മാരകങ്ങളാണെന്നും, ഉദ്ഘാടനം ചെയ്യുന്ന ഭരണാധികാരികള്‍ കാക്കകള്‍ക്ക് കാഷ്ടിക്കാനുള്ള ഒരുദ്ഘാടന ഫലകം മാത്രമായിരിക്കുമെന്നും ജോയ് മാത്യു പോസ്റ്റില്‍ പറയുന്നു.
