Web Desk
November 30, 2019, 02:52:00 pm
ബിജെപി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കോമയില്‍ ആക്കിയെന്ന് പ്രതിപക്ഷം. തുടര്‍ച്ചയായി ആറാം പാദത്തിലും ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ഇടിഞ്ഞുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി.
ബിജെപി, പ്രധാനമന്ത്രി നരേന്ദ്രമോദി, ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ സമ്പദ് വ്യവസ്ഥയെ കോമ അവസ്ഥയിലെത്തിച്ചു.
ജിഡിപി താഴേക്ക് പതിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ജിഡിപി ചുരുങ്ങിയപ്പോള്‍ എന്തിനാണ് ബിജെപി ആഘോഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അവര്‍ക്ക് ജിഡിപി എന്നാല്‍ ഗോഡ്‌സെ വിഭജന രാഷ്ട്രീയം (ഗോഡ്‌സെ ഡിവിസീവ് പൊളിറ്റിക്‌സ്) ആണ് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യ ഇരട്ടയക്ക വളര്‍ച്ച കൈവരിച്ചുവെന്ന് അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞയാഴ്ച ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍ സൃഷ്ടിച്ച വിവാദത്തെ സൂചിപ്പിക്കുയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെ കൊലപാതകിയായ നാഥുറാം ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന് പ്രഗ്യ ലോകസഭയില്‍ പറഞ്ഞിരുന്നു.
പരാജയപ്പെട്ട മോദിനോമിക്‌സും പക്കാവട സാമ്പത്തിക ദര്‍ശനവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിന്റെ ആഴങ്ങളിലേക്ക് മുക്കി. ബിജെപി സര്‍ക്കാരിന് കീഴില്‍ എല്ലാ നിക്ഷേപങ്ങളും തൊഴിലില്ലായ്മ നിരക്കും ഏറ്റവും താഴ്ന്ന നിരക്കിലാണ്.
കോണ്‍ഗ്രസിന്റെ 10 വര്‍ഷത്തെ ഭരണ കാലത്ത് ശരാശരി ജിഡിപി വളര്‍ച്ച 8.13 ശതമാനമായിരുന്നു. കോണ്‍ഗ്രസിന്റെ അവസാന വര്‍ഷത്തില്‍ പോലും 6.39 ശതമാനമായിരുന്നു വളര്‍ച്ച.
രോഗിയെ രക്ഷിച്ചു, പക്ഷേ രോഗി ഒരിക്കലും അവസാനിക്കാത്ത കോമയിലാണ് എന്ന് പറയുന്നത് പോലെയാണ് നിര്‍മ്മലയുടെ പ്രസ്താവനയെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.
വളര്‍ച്ച കുറവായിരിക്കാം എന്നാല്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.
ഇന്ത്യയുടെ അവസ്ഥയില്‍ അങ്ങേയറ്റം ആശങ്കയുണ്ടെന്ന് കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ മന്‍മോഹന്‍ സിംഗ് പറഞ്ഞു.
സമ്പദ് വ്യവസ്ഥ ഇടിയുമ്പോള്‍ പ്രധാനമന്ത്രി തമാശ കളിച്ച് നടക്കുകയാണെന്ന് സിപിഐഎം നേതാവ് സീതാറാം യെച്യൂരി പറഞ്ഞു.