Web Desk
April 18, 2017, 04:15:00 pm
ചൈനീസ് കമ്പനികൾക്ക് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ ഇന്ത്യൻ മൊബൈൽ നിർമാതാക്കൾ പ്രതിഷേധവുമായി രംഗത്ത് വരുന്നു. മൈക്രോമാക്സ്, ഇന്റെക്‌സ് തുടങ്ങിയ ഇന്ത്യൻ കമ്പനികൾ വേര് പിടിച്ചു വരുമ്പോഴായിരുന്നു ലെനോവോ, ഓപ്പോ, ഷോമി തുടങ്ങിയ ചൈനീസ് കമ്പനികൾ ഇന്ത്യൻ മാർക്കറ്റിൽ വൻ വളർച്ച കൈവരിച്ചത്.
2015 ൽ വെറും 14 ശതമാനാം മാർക്കറ്റ് കൈവശം ഉണ്ടായിരുന്ന ചൈനീസ് കമ്പനികൾ ഇത് 2015 ൽ 46 ശതമാനമായി വർധിപ്പിച്ചു. ഇന്ത്യൻ കമ്പനികളാകട്ടെ, 54 ശതമാനത്തിൽ നിന്നും 20 ലേക്ക് കൂപ്പു കുത്തി.
ചൈനീസ് കമ്പനികൾക്ക് നിയന്ത്രം ഏർപ്പെടുത്തണം എന്നാണ് ഇന്റെക്‌സ് കമ്പനി ഉടമ നരേന്ദ്ര ബൻസാൽ പറയുന്നത്. കാർബൺ അടക്കമുള്ള പല ഇന്ത്യൻ കമ്പനികളും ഏറ്റവും വിൽക്കപ്പെടുന്ന അഞ്ച് ബ്രാൻഡുകളിൽ സ്ഥാനം നേടിയിരുന്നു. എന്നാൽ ചൈനീസ് കമ്പനികളുടെ വരവ് മൂലം ഇവ പലതും പിറകോട്ട് പോയി.
ചൈനീസ് കമ്പനികളുടെ മാർക്കറ്റിംഗ് പദ്ധതികളെയും ഇന്ത്യൻ കമ്പനികൾ വിമർശിക്കുന്നു. വൻ തുകയാണ് പരസ്യങ്ങൾക്കായി ചൈനീസ് കമ്പനികൾ ചെലവഴിക്കുന്നത്. ദീപിക പദുകോൺ, ധോണി, വിരാട് കോഹ്ലി തുടങ്ങിയ പ്രമുഖരെ വെച്ച് ചൈനീസ് കമ്പനികൾ മാർക്കറ്റിംഗിനായി ഒഴുക്കുന്നത് കോടികളാണ്.
ഈയടുത്ത കാലത്തായിരുന്നു ഇന്ത്യൻ കമ്പനികളായ ഓല , ഫ്ലിപ്കാർട് എന്നിവർ ആഗോള കുത്തകകളായ ഉബർ, ആമസോൺ എന്നിവക്കെതിരെ സർക്കാർ സഹായം തേടിയത്.
ചൈനീസ് കമ്പനികൾക്ക് അവിടത്തെ സർക്കാരിന്റെ ഭാഗത്ത് നിന്നും സബ്‌സിഡി ഇനത്തിലും മറ്റു ഇനങ്ങളിലും ഒരു പാട് ഇളവുകൾ ലഭിക്കുന്നുണ്ടെന്നും ഇന്ത്യൻ കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.