Web Desk
June 12, 2017, 08:12:00 am
ഗള്‍ഫിലെ നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, തങ്ങളുടെ രണ്ട് യുദ്ധക്കപ്പലുകള്‍ ഒമാന്‍ തീരത്തേക്ക് അയച്ച് ഇറാന്‍. 47 ഫ്‌ളോട്ടില്ല, ബുഷെഹ്ര്‍ കപ്പലുകളാണ് ഞായറാഴ്ച ഇറാനിലെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസില്‍ നിന്ന് പുറപ്പെട്ടത്. അഡ്മിറല്‍ ഹബിബുല്ല സയ്യാരി യാത്രയാക്കല്‍ ചടങ്ങില്‍ പങ്കെടുത്തതായി ഇറാനിയന്‍ ന്യൂസ് ഏജന്‍സിയായ തസ്‌നീം റിപ്പോര്‍ട്ട് ചെയ്തു.
ഒമാനില്‍ നിന്ന് കപ്പല്‍ ഏദന്‍ കടലിടുക്കിലേക്കും അവിടെ നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുഭാഗത്തുള്ള അന്താരാഷ്ട്ര സമുദ്രപാതയിലേക്കും നീങ്ങും.
ഏദന്‍ കടന്‍ വഴിയുള്ള എണ്ണക്കപ്പലുകളുടെ യാത്രയ്ക്ക് സുരക്ഷയൊരുക്കുക എന്നതാണ് ഇവയുടെ ഉദ്ദേശ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ, മേഖലയില്‍ സര്‍വീസിലുണ്ടായിരുന്ന 46 ഫ്‌ളോട്ടില്ല കഴിഞ്ഞ ദിവസം ഇറാനിലേക്ക് തിരികെ പോയിരുന്നു. ചെങ്കടലുമായും സൂയസ് കനാലുമായും ഇന്ത്യന്‍ മഹാസമുദ്രത്തെ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന കപ്പല്‍ചാലാണ് ഏദന്‍ കടലിടുക്ക്.
അതിനിടെ, സൗദിയും യു.എ.ഇയും ബഹ്‌റൈനും ഒറ്റപ്പെടുത്തിയ ഖത്തറിലേക്ക് 100 ടണ്‍ പഴങ്ങളും പച്ചക്കറികളും അടങ്ങുന്ന മൂന്ന് കാര്‍ഗോ വിമാനങ്ങള്‍ എല്ലാ ദിവസവും ഇറാനില്‍ നിന്ന് ഖത്തറിലെത്തുന്നുണ്ട്. ബോട്ടുകള്‍ വഴിയും ഖത്തറിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നുണ്ട്.