Web Desk
July 11, 2017, 08:33:00 pm
ബഗ്ദാദ്: ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ഭീകര സംഘടനയുടെ തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി മരിച്ചതായി സ്ഥിരീകരണം. ഇറാഖിലെ മൊസൂള്‍ നഗരത്തിനു പടിഞ്ഞാറുള്ള താല്‍ അഫറില്‍ വെച്ച് സ്വയം പ്രഖ്യാപിത 'ഖലീഫ'യായ ബഗ്ദാദി മരിച്ചുവെന്ന് ഐ.എസ് സ്ഥിരീകരിച്ചതായി ഇറാഖി വാര്‍ത്താ ഏജന്‍സിയായ അല്‍ സുമൈറ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ ബഗ്ദാദി മരിച്ചതായും പുതിയ ഖലീഫയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രസ്താവനയില്‍ ഐ.എസ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
'പുതിയ ഖലീഫയെ ഉടന്‍ തെരഞ്ഞെടുക്കുമെന്നും ഐ.എസ് പോരാളികള്‍ യുദ്ധരംഗത്ത് ഉറച്ചുനിന്ന് ഖിലാഫത്ത് നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും ഐ.എസ് പ്രസ്താവനയില്‍ പറയുന്നു. ഈ പ്രഖ്യാപനം ഐ.എസ് അണികള്‍ക്കിടയില്‍ വലിയ ഒച്ചപ്പാടിന് വഴിവെച്ചിട്ടുണ്ട്.' - അല്‍ സുമൈറ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൊസൂള്‍ നഗരം ഐ.എസില്‍ നിന്ന് മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഐ.എസ് തലവന്റെ മരണം സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത്. ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന് നേരത്തെ പല വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും അതെല്ലാം ഐ.എസ് നിഷേധിച്ചിരുന്നു. നീനവായിലെ ചില ഐ.എസ് കേന്ദ്രങ്ങളും ബഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചതായി സൂചനയുണ്ട്.
ബഗ്ദാദില്‍ നിന്ന് 400 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന മൊസൂള്‍ 2014 ജൂണിലാണ് ഐ.എസ് പിടിച്ചെടുത്തത്. ഇറാഖിന്റെ വടക്ക്, പടിഞ്ഞാറ് മേഖലകളിലേക്ക് അധികാരം വ്യാപിപ്പിക്കാന്‍ മൊസൂള്‍ കീഴടക്കിയതോടെ ഐ.എസിനായി. മുസ്ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള സാധാരണക്കാരെ കൂട്ടക്കൊല ചെയ്തും ചരിത്ര സ്മാരകങ്ങളും മതകേന്ദ്രങ്ങളും തകര്‍ത്തുമാണ് ഐ.എസ് അഴിഞ്ഞാടിയത്.
2016 ഒക്ടോബറിലാണ് മൊസൂള്‍ തിരിച്ചുപിടിക്കുന്നതിനുള്ള അന്തിമ പോരാട്ടം ഇറാഖ് സൈന്യം ആരംഭിച്ചത്. യു.എസ് സൈന്യത്തിന്റെ പിന്തുണയോടെയായിരുന്നു ഈ നീക്കം.