Web Desk
October 20, 2019, 10:14:00 pm
ഉദ്ഘാടന മത്സരത്തില്‍ പൊരുതിക്കളിച്ച എടികെയെ 2-1-ന് വീഴ്ത്തി ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. നായകനായ ബര്‍ത്തലോമിയോ ഓഗ്ബച്ചെയാണ് ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി രണ്ട് ഗോളുകളും നേടിയത്. ആദ്യ പകുതയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
ആറാം മിനിട്ടില്‍ ഗോളടിച്ച് ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് എടികെയാണ് മുന്നിലെത്തിയത്. എന്നാല്‍ 30, 45 മിനിട്ടുകളില്‍ ഓഗ്ബച്ചെയുടെ ബൂട്ടുകള്‍ എതിരാളികളുടെ ഗോള്‍ വലയിലേക്ക് ഗോളുകള്‍ വര്‍ഷിച്ചു.
പെനാല്‍റ്റിയില്‍ നിന്നാണ് ആദ്യ ഗോള്‍ പിറന്നത്. ഓഗ്ബച്ചെ തകര്‍പ്പന്‍ വോളിയിലാണ് ആദ്യ പകുതിയുടെ അവസാന മിനിട്ടില്‍ കളിയുടെ വിധി നിര്‍ണയിച്ച ഗോള്‍ നേടിയത്.
ബ്രിട്ടീഷ് താരം ജെറാര്‍ഡ് എംചൂഗാണ് എടികെയുടെ ആശ്വാസ ഗോള്‍ നേടിയത്. മത്സരം കാണാന്‍ 30,000-ത്തില്‍ അധികം കാണികള്‍ എത്തിയിരുന്നു.