Web Desk
November 17, 2019, 02:41:00 pm
കൂടത്തായിയിലെ ആറ് മരണങ്ങളും വിഷം ഉള്ളില്‍ ചെന്ന് തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. സയനൈഡ് പോലെയുള്ള വിഷം ഉള്ളില്‍ ചെന്നാകും മരണം എന്ന് റിപ്പോര്‍ട്ട് പറയുന്നു.
2002-നും 2016-നും ഇടയിലാണ് കോഴിക്കോട് ജില്ലയിലെ കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറ് അംഗങ്ങള്‍ കൊല്ലപ്പെടുന്നത്. ജോളി ജോസഫാണ് കേസിലെ മുഖ്യപ്രതി. റോയ് തോമസും രക്ഷിതാക്കളും മറ്റ് മൂന്ന് ബന്ധുക്കളുമാണ് 14 കൊല്ലത്തിനിടെ കൊല്ലപ്പെട്ടത്.
റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. അതിനാല്‍ മറ്റുള്ളവരുടെ മരണകാരണം സ്ഥിരീകരിക്കുന്നതിനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. ആറ് പേരേയും ജോളി സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് ആരോപണം.
മരണത്തിന് മുമ്പ് ഈ അഞ്ച് പേരേയും ആശുപത്രിയില്‍ എത്തിച്ചിരുന്നു. അതിനാല്‍ അവരുടെ ചികിത്സാരേഖകള്‍ പൊലീസ് ശേഖരിക്കുകയും ബോര്‍ഡ് പരിശോധിക്കുകയും ചെയ്തു. കൂടാതെ മരണത്തിന് മുമ്പ് മരിച്ചവരോട് ഇടപഴകിയവരുടെ മൊഴിയും പരിഗണിച്ചു.
ന്യൂറോ സര്‍ജന്‍, ജനറല്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍, ഫോറന്‍സിക് സര്‍ജന്‍ എന്നിവര്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബോര്‍ഡ് യോഗം ചേര്‍ന്നത്.