Web Desk
December 03, 2019, 11:15:00 am
2012 ജൂണ്‍ 28-ന് ഛത്തീസ്ഗഢിലെ ബിജെപി സര്‍ക്കാര്‍ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടത്തിയത് കൂട്ടക്കൊലയെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. മാവോയിസ്റ്റുകള്‍ എന്ന പേരില്‍ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയ 17 പേര്‍ ഗ്രാമീണരാണെന്ന് കമ്മീഷന്‍ കണ്ടെത്തി. ജസ്റ്റിസ് വിജയ് കുമാര്‍ അഗര്‍വാള്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഏഴ് വര്‍ഷത്തിന് ശേഷമാണ് സമര്‍പ്പിക്കുന്നത്.
പൊലീസിന്റെ വാദത്തെ സാധൂകരിക്കാനുള്ള തെളിവുകള്‍ ഹാജരാക്കിയില്ല. ബീജാപൂര്‍ ജില്ലയിലെ സര്‍കേഗുഡയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 17 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു വാദം. വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
ഈ വര്‍ഷം ഒക്ടോബര്‍ 17-ന് വിരമിക്കുന്നതിന് തൊട്ട് മുമ്പ് അഗര്‍വാള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവ സ്ഥലത്ത് നിന്ന് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തുവെന്ന് പൊലീസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് കമ്മീഷന്‍ തള്ളി.
മാവോയിസ്റ്റ് ബാധിത ജില്ലയായ ബസ്തറിലും സമാനമായ നിരവധി കൊലപാതകങ്ങള്‍ സംശയത്തിന്റെ നിഴലിലാണ്.