Web Desk
December 04, 2019, 01:43:00 pm
ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റിനെ ഇനി ഇന്ത്യാക്കാരനായ സുന്ദര്‍ പിച്ചെ നയിക്കും. നിലവില്‍ ഗൂഗിളിന്റെ സിഇഒയാണ് പിച്ചെ. സ്ഥാപകരായ ലാറി പേജ് ആല്‍ഫബെറ്റിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പിച്ചെക്ക് സ്ഥാനക്കയറ്റം കിട്ടിയത്. കൂടാതെ ബ്രിന്‍ ആല്‍ഫബെറ്റിന്റെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്.
ഗൂഗിളിനെ മറ്റ് സഹ കമ്പനികളില്‍ നിന്നും വേര്‍തിരിച്ച് എല്ലാ കമ്പനികളേയും ഒറ്റ കമ്പനിയുടെ കീഴിലാക്കി കൊണ്ട് 2015-ലാണ് ആല്‍ഫബെറ്റ് രൂപീകരിച്ചത്. സെല്‍ഫ് ഡ്രൈവിങ് കാര്‍ കമ്പനിയായ വേമോ, ജീവശാസ്ത്ര കമ്പനി വെരിലി, ബയോടെക് ഗവേഷണ വികസന കമ്പനിയായ കാലിക്കോ, അര്‍ബന്‍ ഇന്നോവേഷന്‍ കമ്പനിയായ സൈഡ് വാക്ക് ലാബ്‌സ്, ബലൂണ്‍ വഴി ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കുന്ന ലൂണ്‍ എന്നീ കമ്പനികളെയാണ് ഗൂഗിളില്‍ നിന്നും വേര്‍തിരിച്ചത്.
ആ സമയത്ത്, പേജ് ഗൂഗിള്‍ സിഇഒ സ്ഥാനത്ത് നിന്നും ആല്‍ഫബെറ്റ് സിഇഒയാകുകയും ഗൂഗിളിന്റെ തലപ്പത്തേക്ക് പിച്ചെ വരികയും ചെയ്തു. എന്നാല്‍ സ്ഥാപകരുടെ പുതിയ തീരുമാനം ആല്‍ഫബെറ്റിനും ഗൂഗിളിനും രണ്ട് സിഇഒമാരും ഒരു പ്രസിഡന്റും ആവശ്യമില്ലെന്നാണ്. പിച്ചെ ഗൂഗിളിന്റേയും ആല്‍ഫബെറ്റിന്റേയും സിഇഒയാകും എന്ന് അവര്‍ അറിയിച്ചു.
കഴിഞ്ഞ കുറച്ച് കാലമായി പൊതുജനമധ്യത്തില്‍ പിച്ചെയാണ് ഗൂഗിളിന്റെ മുഖം. പുതിയ തീരുമാന പ്രകാരം പേജും ബ്രിന്നും വെളിച്ചത്തില്‍ നിന്നും മാറുകയും കമ്പനിയില്‍ പിച്ചെയുടെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുകയും ചെയ്യും.